National
ഗോണ്ട: തന്നെ അധികാരഭ്രഷ്ടനാക്കിയത് ജനങ്ങളല്ല, മറിച്ച് ചിലരുടെ ഗൂഢാലോചനയാണെന്നും മുൻ കൈസർഗഞ്ച് എംപിയും ബിജെപി നേതാവുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗ്. “ജീവനോടെയുണ്ടെങ്കിൽ ഒരിക്കൽകൂടി ലോക്സഭയിലേക്ക് തിരിച്ചുവരും.
ബിജെപി ടിക്കറ്റിൽ മൽസരിക്കാൻ ശ്രമിക്കും. പാർട്ടി ടിക്കറ്റ് നൽകിയില്ലെങ്കിൽ സ്വതന്ത്രനായി മൽസരിക്കും’’, അദ്ദേഹം ഒരു വാർത്താ ചാനലിനോട് പറഞ്ഞു.
രാമക്ഷേത്രത്തിന്റെ രണ്ടാം വാർഷികത്തിലേക്ക് ക്ഷണം ലഭിക്കാതിരുന്നത് വേദനിപ്പിച്ചു. ലൈംഗികാരോപണം ഉയർന്നപ്പോൾ ബിഎസ്പി, ജെഡി-യു, ബിജെഡി പ്രതിനിധികളോടൊപ്പം സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും തനിക്കെതിരേ പരാമർശങ്ങളൊന്നും നടത്താതിരുന്നത് മറക്കില്ലെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു.
National
ന്യൂഡൽഹി: രാജ്യത്തു നിരോധിച്ച ഇ-സിഗരറ്റ് പാർലമെന്റിന്റെ പ്രധാന കവാടത്തിനു സമീപത്ത് നിന്നുകൊണ്ട് വലിച്ചുവെന്നാരോപിച്ച് തൃണമൂൽ എംപി സൗഗത റോയിക്കെതിരേ ലോക്സഭാ സ്പീക്കർക്കു പരാതി.
ബിജെപി എംപി അനുരാഗ് ഠാക്കൂറാണു എംപിക്കെതിരേ അന്വേഷണവും അച്ചടക്കനടപടിയും മാതൃകാപരമായ ശിക്ഷയും വേണമെന്നാവശ്യപ്പെട്ട് രേഖാമൂലം പരാതി നൽകിയത്.
പുകയില, നിക്കോട്ടിൻ ഉത്പന്നങ്ങൾക്കെതിരേ സർക്കാർ ശക്തമായ നിലപാട് സ്വീകരിക്കുന്പോൾ അത്തരം പെരുമാറ്റം സഭയുടെ അന്തസിനെ ദുർബലപ്പെടുത്തുകയും അപകടകരമായ കീഴ്വഴക്കം സൃഷ്ടിക്കുകയും ചെയ്യുമെന്ന് പരാതിയിൽ പറയുന്നു.
എംപിയുടെ പേര് പരാമർശിക്കാതെ അനുരാഗ് ഠാക്കൂർ വ്യാഴാഴ്ച വിഷയം സഭയിൽ ഉന്നയിച്ചപ്പോൾ പാർലമെന്റിനുള്ളിൽ ഇ-സിഗരറ്റ് ഉപയോഗിക്കുകയോ പുകവലിക്കുകയോ ചെയ്യുന്നതുൾപ്പെടെയുള്ള നിരോധിത പ്രവർത്തനങ്ങൾക്ക് ഒരു എംപിക്കും ഇളവോ ആനുകൂല്യമോ നൽകുന്നില്ലെന്നും രേഖാമൂലം പരാതി നൽകാനും സ്പീക്കർ നിർദേശിച്ചു.
ഇതേത്തുടർന്നാണ് രേഖാമൂലമുള്ള പരാതി ഇന്നലെ കൈമാറിയത്. എന്നാൽ തുറസായ സ്ഥലത്താണു താൻ പുകവലിച്ചതെന്നും പാർലമെന്റ് മന്ദിരത്തിനുള്ളിലല്ലെന്നും സൗഗത റോയ് പറഞ്ഞു.
National
ന്യൂഡൽഹി: എസ്ഐആർ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ്. കോൺഗ്രസ് എംപി മാണിക്കം ടാഗോറാണ് നോട്ടീസ് നൽകിയത്. ബിഎൽഒമാരുടെ മരണത്തിൽ കോൺഗ്രസ് എംപി രേണുക ചൗധരിയും പ്രത്യേകം നോട്ടീസ് നൽകി.
എസ്ഐആറുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എംപിയും അബ്ദുൾ വഹാബ് എംപിയും നോട്ടീസ് നൽകി. പാർലമെന്റിന്റെ ശൈത്യകാലസമ്മേളനത്തിന് ഇന്ന് തുടക്കമായിരിക്കുകയാണ്.
ആണവോർജബിൽ, ഉന്നതവിദ്യാഭ്യാസ കമ്മീഷൻ, ദേശീയപാത ഭേദഗതി ബിൽ ഉൾപ്പെടെ 10 ബില്ലുകളാണ് ഈ സമ്മേളനത്തിൽ അവതരിപ്പിക്കുക. മോദി അധികാരത്തിലേറിയതിനുശേഷം നടക്കാൻ പോകുന്ന ഏറ്റവും ചുരുങ്ങിയ സഭാ സമ്മേളനമാണ് ഇത്തവണ ചേരുക.